---
title: "ഹരിപ്പാട് രണ്ടുവയസ്സുകാരന്റെ ദാരുണാന്ത്യം: ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു"
english_title: "Haripad Toddler Death: Child Rights Commission Takes Suo Motu Case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387719/Haripad Toddler Death: Child Rights Commission Takes Suo Motu Case"
published_at: "2026-10-19T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5b63d33500_image_(6).png"
keywords: ["Haripad News", "Alappuzha News", "Malnutrition Toddler Death", "Kerala News"]
---

# ഹരിപ്പാട് രണ്ടുവയസ്സുകാരന്റെ ദാരുണാന്ത്യം: ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

> **Lead Summary:** ആലപ്പുഴ ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാർത്തികപ്പള്ളി മഹാദേവിക്കാട് വലിയകുളങ്ങര സ്വദേശികളായ രാജേഷ്–താര ദമ്പതികളുടെ മകൻ രാഹുലിനെയാണ് കഴിഞ്ഞദിവസം രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മരണം കടുത്ത പോഷകാഹാരക്കുറവും ശരിയായ പരിചരണം ലഭിക്കാത്തതും മൂലമാണെന്നാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം.

## Article Content

ആലപ്പുഴ ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാർത്തികപ്പള്ളി മഹാദേവിക്കാട് വലിയകുളങ്ങര സ്വദേശികളായ രാജേഷ്–താര ദമ്പതികളുടെ മകൻ രാഹുലിനെയാണ് കഴിഞ്ഞദിവസം രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മരണം കടുത്ത പോഷകാഹാരക്കുറവും ശരിയായ പരിചരണം ലഭിക്കാത്തതും മൂലമാണെന്നാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം.

കുട്ടിയുടെ ശരീരത്തിൽ സംശയാസ്പദമായ മുറിവുകളോ ബാഹ്യ പരിക്കുകളോ ഇല്ലെന്നും, രാസപരിശോധനാ ഫലവും പൂർണ്ണ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ലഭിച്ച ശേഷമേ കൃത്യമായ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂവെന്നും തൃക്കുന്നപ്പുഴ എസ്.എച്ച്.ഒ അറിയിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഴാമത്തെ പ്രസവത്തിനായി അമ്മ താരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതിനാൽ സംഭവസമയത്ത് പിതാവ് രാജേഷും മറ്റ് കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് പിതാവ് പോലീസിനോട് പറഞ്ഞത്. എന്നാൽ, മുൻപ് കോവിഡ് കാലത്ത് ഇവരുടെ മറ്റൊരു ആൺകുട്ടി കൈയിൽ നിന്ന് നിലത്തുവീണ് മരിച്ചിരുന്ന പശ്ചാത്തലത്തിൽ, മരണത്തിൽ സമഗ്രാന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ദമ്പതികൾ സ്ഥിരമായി ജോലിക്ക് പോകാതെ മദ്യപാനത്തിന് അടിമപ്പെട്ടിരുന്നതായും കുട്ടികൾക്ക് കൃത്യമായി ഭക്ഷണം നൽകാതെ ബ്രെഡ് മാത്രമാണ് കൊടുത്തിരുന്നതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. രാജേഷിന്റെ ബന്ധുവീട്ടിലെ ഒരു മുറിയിലാണ് ഇവർ കഴിഞ്ഞിരുന്നത്. ശനിയാഴ്ച വൈകിട്ട് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ച താര ഇന്നലെ ആൺകുഞ്ഞിന് ജന്മം നൽകി. വീട്ടിലുണ്ടായിരുന്ന മറ്റ് നാല് പെൺകുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) അടിയന്തരമായി ഏറ്റെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387719/Haripad Toddler Death: Child Rights Commission Takes Suo Motu Case)